Free Learning

സുഗമമായ ട്രാഫിക് - തളിപ്പറമ്പ മറ്റൊരു ചരിത്രമെഴുതുന്നു


''സംസ്ഥാനത്തെ തിരക്കുപിടിച്ച  മുഴുവന്‍ നഗരങ്ങള്‍ക്കും തളിപ്പറമ്പ് ട്രാഫിക് പരിഷ്‌കാരം പകര്‍ത്താവുന്നതാണ്. ദേശീയ പാതയിലുള്ള നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരത്തിന് ഈ മാതൃക പിന്തുടരാവുന്നതാണ്.  മുഴുവന്‍ ആര്‍ടിഒമാരോടും തളിപ്പറമ്പ് സന്ദര്‍ശിച്ച് ട്രാഫിക് പരിഷ്‌കാരം മനസ്സിലാക്കാനും അവരുടെ നഗരങ്ങളില്‍ ഇത് നടപ്പാക്കാനും നിര്‍ദേശിക്കും. 'ജനകീയ കൂട്ടായ്മ ഒരു തളിപ്പറമ്പ് മാതൃക' എന്ന ലഘുലേഖ എല്ലാ ജില്ലയിലെ ആര്‍ടിഒമാര്‍ക്കും അയച്ചുകൊടുക്കും'' 

 - തളിപ്പറമ്പിലെ ഗതാഗത പരിഷ്‌കാരത്തെ അഭിനന്ദിച്ച് മോട്ടോര്‍ ആക്‌സിഡന്റ്  കണ്‍ട്രോള്‍  കമീഷന്‍ ജസ്റ്റിസ് ടി കെ സി ചന്ദ്രശേഖര ദാസ് ജെയിംസ് മാത്യു എംഎല്‍എയ്ക്ക് അയച്ച കത്തിലെ വാചകമാണിത്.
  പുതിയൊരു ഗതാഗത സംസ്‌കാരമുയര്‍ത്തി തുടങ്ങിയ ജനകീയ സംരംഭം ഇന്ന് നാടിനാകെ ദിശാബോധം പകരുന്നു.  കുരുക്കിന്റെയും തിരക്കിന്റെയും പഴയ തളിപ്പറമ്പ് ഇന്ന് ഓര്‍മയാണ്. ജെയിംസ് മാത്യു എംഎല്‍എയും തളിപ്പറമ്പ് നഗരസഭയും സര്‍വകക്ഷി നേതൃത്വവും പത്രപ്രവര്‍ത്തകരും വ്യാപാരി വ്യവസായി സംഘടനകളുടെയും കൂട്ടായ്മയായ  ജനകീയ വികസന സമിതിക്കാണ് മാറിയ തളിപ്പറമ്പിന്റെ ക്രെഡിറ്റ് മുഴുവന്‍.
റോഡ് നിയമങ്ങള്‍ കൃത്യമായി പാലിച്ചാണ് തളിപ്പറമ്പ് മാതൃകയാവുന്നത്. ആരും അടിച്ചേല്‍പ്പിക്കുകയല്ല; ഏവരും സ്വമേധയാ പാലിക്കുകയാണ്. റോഡിലിറങ്ങിയുള്ള വൈദ്യുതിത്തൂണുകള്‍ മാറ്റി സ്ഥാപിച്ചു. ദേശീയപാത വിഭാഗത്തിന്റെ പണമില്ലാതെ എന്‍എച്ച് വീതികൂട്ടി ടാര്‍ചെയ്ത് പുതിയ ചരിത്രവും സൃഷ്ടിച്ചു. അനുബന്ധമായി മാര്‍ക്കറ്റ് റോഡും ന്യൂസ് കോര്‍ണര്‍ ജങ്ഷനും വീതികൂട്ടി. അധികൃതവും അനധികൃതവുമായ എല്ലാ പരസ്യബോര്‍ഡുകളും തട്ടുകടകളും വഴിയോരകച്ചവടവും ഈ കൂട്ടായ്മക്കുമുന്നില്‍ വഴിമാറി.
ഇവയ്‌ക്കെല്ലാം ബദല്‍മാര്‍ഗവുമൊരുക്കി.ചിറവക്കുമുതല്‍ ബസ്-ഓട്ടോകള്‍ക്ക് കൃത്യമായ ബേ. കാര്‍, ബൈക്ക് പാര്‍ക്കിങ്ങിന്് നിശ്ചിത സ്ഥലം. കൂടുതല്‍ സമയം പാര്‍ക്കുചെയ്യണമെങ്കില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം. ടൂറിസ്റ്റ് വാഹനങ്ങള്‍, ടാക്‌സി കാറുകള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവയ്ക്കും സ്റ്റാന്‍ഡ് സൗകര്യം. പാര്‍ക്കിങ്ങിന് വഴികാട്ടികളായി ട്രാഫിക് ഉദ്യോഗസ്ഥര്‍. 125 അറിയിപ്പു ബോര്‍ഡ് സ്ഥാപിച്ചു. ഇതെല്ലാം തെറ്റിച്ചാല്‍ ഉടന്‍ നടപടിയെടുക്കാന്‍ ക്യാമറനിരീക്ഷണ സംവിധാനമുണ്ട്. സമിതി പ്രതിമാസ ശമ്പളം നല്‍കി പത്തു ട്രാഫിക് ഗാര്‍ഡുമാരെയും നിയോഗിച്ചു.

തളിപ്പറമ്പിന്റെ ഈ മാതൃകയ്ക്ക് സമസ്ത മേഖലകളില്‍നിന്നും അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. പൊതുമരാമത്ത് വകുപ്പ് നഗരത്തില്‍ ഒരുകിലോമീറ്റര്‍ ദൂരം റോഡ് വീതികൂട്ടുന്നതിന് അനുവാദം നല്‍കി. 14 മീറ്റര്‍ വീതിയില്‍ റോഡും ഒരു മീറ്റര്‍ വീതിയില്‍ മീഡിയനും നിര്‍മിക്കുന്നതിനും രണ്ട് കള്‍വര്‍ട്ടുകള്‍ വീതികൂട്ടി നിര്‍മിക്കുന്നതിനും നാലു കോടി രൂപ അനുവദിച്ചു.

 കലക്ടര്‍ അധ്യക്ഷനായ ട്രാഫിക് സേഫ്റ്റി കൗണ്‍സില്‍ അഞ്ചു ലക്ഷം രൂപയും അനുവദിച്ചു.

തളിപ്പറമ്പില്‍ നടത്തിയ ട്രാഫിക് പരിഷ്‌കാരത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് ജനകീയ സമിതികള്‍ രൂപീകരിച്ച് ട്രാഫിക് കുരുക്ക് നീക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി. കോരന്‍ പീടിക, മയ്യില്‍, കമ്പില്‍,  ധര്‍മശാല എന്നിവിടങ്ങളില്‍  ഈ പരിഷ്‌കാരങ്ങള്‍ മാതൃകയാക്കിയിട്ടുണ്ട്.

http://www.emergingkannur.org/p/talipparamba.html




Previous
Next Post »