Free Learning

അറിഞ്ഞു പഠിക്കാന്‍ ഒരു തളിപ്പറമ്പ് മാതൃക

''നമ്മെ അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട മാതൃകകള്‍ കേരളത്തില്‍ പല കാലങ്ങളില്‍, പലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അവയുടെയെല്ലാം പരിമിതി അതൊക്കെയും 'വണ്‍ വണ്ടര്‍' ആയിരുന്നു എന്നതാണ്. എല്ലായിടത്തും പിന്‍പറ്റാന്‍ പല തരത്തിലുള്ള പരിമിതികള്‍ ആ മാതൃകകള്‍ക്ക് ഉണ്ടായിരുന്നു. തളിപ്പറമ്പ് മണ്ഡലത്തിലെ 'എന്റെ സ്‌കൂള്‍' പദ്ധതിയുടെ ഏറ്റവും വലിയ സാധ്യതയും അവിടെയാണ്. എല്ലാവര്‍ക്കും അനുകരിക്കാവുന്ന മാതൃകയാണ് അത്. ആസൂത്രണ വിദഗ്ധര്‍ തേടുന്ന ജനപങ്കാളിത്ത വികസനത്തിന്റെ ഏറ്റവും സര്‍ഗാത്മക മാതൃകയാണിത്''-

മണ്ഡലത്തിലെ സമഗ്രവിദ്യാഭ്യാസ പദ്ധതി പ്രവര്‍ത്തനങ്ങള്‍ 115 വിദ്യാലയങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖരന്റെ വാക്കുകള്‍.


 ഈ വാക്കുകളാണ് വിദ്യാഭ്യാസ മേഖലയില്‍ ജെയിംസ് മാത്യു എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ നിശ്ശബ്ദവിപ്ലവത്തിന്റെ സാക്ഷ്യപത്രം. മണ്ഡലത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലുമായി രണ്ടുവര്‍ഷമായി നടപ്പാക്കിയ പദ്ധതികള്‍ക്ക് ആകെ ചെലവഴിച്ചത് 25 കോടിരൂപയാണ്.


ജെയിംസ്‌ മാത്യു, തളിപ്പറമ്പ എം എല്‍ എ

നിസ്സാരമായ തുകയിലൂടെ സാമ്പത്തികമായ അര്‍ഥത്തില്‍ കുറഞ്ഞത് അതിന്റെ പത്തിരട്ടിയെങ്കിലും മൂല്യമുള്ള പ്രവര്‍ത്തനങ്ങളെങ്കിലും മണ്ഡലത്തില്‍ നടപ്പായി. അതിലും മൂല്യത്തോടെ പരിഗണിക്കപ്പെടേണ്ടത് തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും സ്‌കൂള്‍ പിടിഎ കമ്മിറ്റികളും പൊതുസമൂഹവും കൈകോര്‍ത്തുപിടിച്ച പങ്കാളിത്തവികസനം എന്ന സങ്കല്‍പത്തിന്റെ ഏറ്റവും സുന്ദരമായ സാക്ഷാല്‍ക്കാരമായിരുന്നു. ചെറിയ ചുവടുവയ്പ്പുകളിലൂടെ വലിയ മാറ്റങ്ങള്‍ എന്ന ആശയമാണ് ഓരോ വിദ്യാലയത്തിലും പ്രാവര്‍ത്തികമായത്. നടപ്പാത, കുടിവെള്ളം, ചുറ്റുമതില്‍, കവാടം, സ്‌കൂള്‍ ബസ്, ഇംഗ്ലീഷ് തിയേറ്റര്‍, പാചകപ്പുര നവീകരണം, പുതിയ കെട്ടിടങ്ങള്‍, പുല്‍ത്തകിടി, പാര്‍ക്കുകള്‍ തുടങ്ങി എല്ലാ വിദ്യാലയങ്ങളിലും ചെറുതും വലുതുമായ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടപ്പായത്.
 അടിസ്ഥാന സൗകര്യവികസനവും വിദ്യാഭ്യാസ മികവും കൈവരിക്കുന്നതിനായി നടപ്പാക്കിയ ബഹുമുഖപദ്ധതിയിലൂടെ എല്ലായിടത്തും ശിശുസൗഹൃദ അന്തരീക്ഷം കൈവരിച്ചുതുടങ്ങിയിരിക്കുന്നു. പദ്ധതിയിലൂടെ അടുത്ത വര്‍ഷം എല്ലാ സ്‌കൂളിലും തിയേറ്റര്‍ ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. അടുത്തവര്‍ഷം ഒന്നാംക്ലാസ് പ്രവേശനത്തില്‍ ഈ പൊതുവിദ്യാലയങ്ങളില്‍ ആയിരം കുട്ടികളെ കൂടുതലായി പ്രവേശനം നേടുകയാണ് പദ്ധതി ലക്ഷ്യം.

http://www.emergingkannur.org/p/talipparamba.html
Previous
Next Post »