Free Learning

പേരിനൊരു പോലീസ് സ്റ്റേഷൻ: പക്ഷെ നാടുകാക്കാന്‍ പോലീസുകാരില്ല


മട്ടന്നൂർ വിമാനത്താവളം പോലെ മുഴക്കുന്ന് പോലീസ് സ്റ്റേഷനും ബോർഡിലൊതുങ്ങി. മട്ടന്നൂർ മാതൃകയിൽ പരീക്ഷണ പറക്കൽ പോലെ പരീക്ഷണ കേസെങ്കിലും എടുത്തെങ്കിൽ എന്ന ചിന്തയിലാണ് നാട്ടുകാർ.

കേരളത്തിൽ മറ്റെവിടെയും ഇങ്ങനെയൊരു പോലീസ് സ്റ്റേഷൻ ഉണ്ടാവില്ല. മുഴക്കുന്ന് പോലീസ് സ്റ്റേഷന് കെട്ടിടമുണ്ട്, ബോർഡുണ്ട്; എന്ത് കാര്യം...? പേരിനൊരു 'ഏമാൻ' പോലുമില്ലാതെയാണ് ഉദ്ഘാടന മാമാങ്കം നടത്തിയത്. ഉദ്ഘാടനം ചെയ്ത മന്ത്രിക്ക് പിറകെ അകമ്പടി വന്ന പോലീസുകാരും പടിയിറങ്ങിയതോടെ പോലീസ് സ്‌റ്റേഷൻ കെട്ടിടം അനാഥമായി.ഇപ്പോൾ പരാതിയുമായി എവിടെ പോകണമെന്ന ആശങ്കയിലാണ് നാട്ടുകാർ.

                പേരാവൂര്‍ മണ്ഡലത്തിലെ മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് ടൗണിൽ മാർച്ച് നാലിനാണ് മന്ത്രി കെ.സി.ജോസഫ് ആഘോഷമായി സ്റ്റേഷൻ ഉദ്ഘാടനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു. കാക്കയങ്ങാട് പാലപ്പുഴ റോഡിലെ വാടക കെട്ടിടത്തിൽ പോലീസ് സറ്റേഷന്റെ ബോർഡ് സ്ഥാപിച്ചതല്ലാതെ മറ്റൊരു പ്രവർത്തനവും നടത്തിയിട്ടില്ല. അത് കൊണ്ട്
തന്നെ മുഴക്കുന്ന് തില്ലങ്കേരി പഞ്ചായത്തുകാർ പരാതിയുമായി എവിടെ പോകണമെന്ന ആശങ്കയിലാണ്.ഇരിട്ടിയിൽ പോയാൽ മുഴക്കുന്നിൽ സ്റ്റേഷൻ  ആരംഭിച്ച സ്ഥിതിക്ക് അവിടെ പരാതി സ്വീകരിക്കുമോ എന്ന ആശങ്കയും നാട്ടുകാർ പങ്ക് വെയ്ക്കുന്നു.

              വർഷങ്ങളായുള്ള ആവശ്യമായിരുന്നു മുഴക്കുന്ന് ആസ്ഥാനമായുള്ള പോലീസ് സ്റ്റേഷൻ.നേരത്തെ ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായിരുന്ന മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളെയാണ് മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുത്തിയത്. മട്ടന്നൂർ വിമാനത്താവളം പോലെ മുഴക്കുന്ന് പോലീസ് സ്റ്റേഷനും ബോർഡിലൊതുങ്ങി. മട്ടന്നൂർ മാതൃകയിൽ പരീക്ഷണ പറക്കൽ പോലെ പരീക്ഷണ കേസെങ്കിലും എടുത്തെങ്കിൽ എന്ന ചിന്തയിലാണ് നാട്ടുകാർ.

റിപ്പോർട്ട്: കെ.കെ.ശ്രീജിത്ത്





Previous
Next Post »