Free Learning

വികസന ചിറകടിച്ചു പറന്നുയരാന്‍ മട്ടന്നൂര്‍


മണ്ഡലത്തിലെ പ്രധാന ടൗണുകളിലെല്ലാം ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചു.

നിടുമ്പൊയില്‍, കോളയാട്, ചിറ്റാരിപ്പറമ്പ്, തൃക്കടാരിപ്പൊയില്‍, മൂന്നാംപീടിക, ഉരുവച്ചാല്‍, തില്ലങ്കേരി കുട്ടിമാവ്, ചാലോട്, കൂടാളി, പടിയൂര്‍, ബ്ലാത്തൂര്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ ഹൈമാസ്റ്റ് വിളക്കുകള്‍ പ്രഭചൊരിയുന്നു.

 മട്ടന്നൂര്‍ ശ്രീമഹാദേവക്ഷേത്രത്തിന് മുന്നില്‍ ഹൈമാസ്റ്റ്‌ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്.

ഹൈ-മാസ്റ്റ് ലൈറ്റ് - കടപ്പാട് : ഇന്റര്‍നെറ്റ്‌
ഗതാഗതപ്രശ്‌നത്തിന് പൂര്‍ണ പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികളും ആവിഷ്‌കരിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിച്ച പ്രവൃത്തിയാണ് കണ്ണവം- ഇടുമ്പ- തൃക്കടാരിപ്പൊയില്‍ റോഡ് നവീകരണം. മാലൂര്‍- ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് നവീകരിക്കുക എന്നത് ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു.

പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ നിലപാടുമൂലം നിര്‍മാണം പാതിവഴിയില്‍ മുടങ്ങി. പ്രവൃത്തി നടത്താതെ ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടപടിയെടുപ്പിച്ചു. നിയമക്കുരുക്കില്‍പ്പെട്ട്  പ്രശ്‌നം സുപ്രീംകോടതിവരെയെത്തി.
ഇ.പി ജയരാജന്‍ - മട്ടന്നൂര്‍ MLA


കരാറുകാരനെ ഒഴിവാക്കിയത് സുപ്രീംകോടതിയും അംഗീകരിച്ചു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പില്‍ നിരന്തര സമ്മര്‍ദം ചെലുത്തി അടിയന്തര അറ്റകുറ്റപ്പണിക്ക് 80 ലക്ഷം രൂപ ലഭ്യമാക്കാനും കഴിഞ്ഞു. ഇരിക്കൂര്‍- ബ്ലാത്തൂര്‍ റോഡ് പുനരുദ്ധാരണത്തിന് അഞ്ച്‌കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം വാങ്ങിയെങ്കിലും ധനവകുപ്പ് സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ചു.  ധനവകുപ്പിന്റെ അനുമതി ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്.


കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. 

റണ്‍വേ 4000 മീറ്ററാക്കാനുള്ള ജനകീയാവശ്യത്തോടൊപ്പം നിലകൊണ്ടു.  അത് സര്‍ക്കാറിനെക്കൊണ്ട് അംഗീകരിപ്പിക്കാനുമായി. മണ്ഡലത്തിന്റെ ഭാവി വികസനം ലക്ഷ്യമിട്ട് ഒട്ടേറെ പദ്ധതികള്‍ക്ക് അനുമതി നേടിയെടുക്കാനായിട്ടുണ്

പുരോഗമിക്കുന്ന കണ്ണൂര്‍ വിമാനത്താവളം - മൂര്‍ഖന്‍പറമ്പ്, മട്ടന്നൂര്‍ മണ്ഡലം

പഴശ്ശി ജലസംഭരണിയിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പഴശ്ശി സാഗര്‍ ജലവൈദ്യുതി പദ്ധതി, മലബാറിലെ ഏറ്റവും വലിയ ആടുവളര്‍ത്തുകേന്ദ്രമായ കൊമ്മേരി ഗോട്ട്ഫാം നവീകരണത്തിന് 4.5 കോടിരൂപയുടെ പദ്ധതി, പടിയൂര്‍ പഞ്ചായത്തില്‍ ഐടിഐ, മട്ടന്നൂരില്‍ മിനി സിവില്‍സ്‌റ്റേഷന്‍, കൂടുതല്‍ സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രി, മെഡിക്കല്‍/എന്‍ജിനിയറിങ്/സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനകേന്ദ്രം, ആധുനിക ബസ്‌ഷെല്‍ട്ടര്‍  തുടങ്ങിയ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. അടുത്തദിവസം നടക്കുന്ന മട്ടന്നൂര്‍ മണ്ഡലം വികസനസെമിനാറില്‍ ഗതാഗത, കാര്‍ഷിക, വ്യാവസായിക, വിദ്യാഭ്യാസ മേഖലകളില്‍ ആവശ്യമായ പദ്ധതികളെക്കുറിച്ചുള്ള വികസനരേഖ ചര്‍ച്ചചെയ്ത് അംഗീകരിക്കും.
പഴശ്ശി ഡാം റിസര്‍വോയര്‍ - കടപ്പാട് : വിക്കി-കോമണ്‍സ്

ജനങ്ങളുടെ കൂട്ടായ്മയാണ് വികസനപ്രവര്‍ത്തനങ്ങളുടെ വിജയത്തിനാധാരം. 

മട്ടന്നൂരിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച എല്ലാ രാഷ്ട്രീയ പാര്‍ടി നേതാക്കളോടും വിവിധ ഉദ്യോഗസ്ഥരോടും തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രതിനിധികളോടും നിയമസഭാസാമാജികനെന്ന നിലയില്‍ കടപ്പാടും നന്ദിയുമുണ്ട്.
Previous
Next Post »