Free Learning

സത്യത്തില്‍ നമ്മുടെ മന്ത്രിമാര്‍ക്ക് എന്താണ് പണി?




ഡോ. ടി എം തോമസ്‌ ഐസ്സക് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി
 
ധനകാര്യ വര്‍ഷം അവസാനിക്കാന്‍ ഇനി ബാക്കി ഒന്നര മാസം. 27833 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കേണ്ടത്
. പക്ഷേ, ഇന്നലെ വരെയുളള ചെലവ് 7796 കോടിയാണ്. വെറും 28 ശതമാനം മാത്രം. ട്രഷറിയില്‍ നിന്ന് പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വകുപ്പുകള്‍ പിന്‍വലിച്ച തുകയുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം പദ്ധതിയടങ്കല്‍ 22762 കോടി രൂപയായിരുന്നു. ഇതിന്‍റെ 55.24 ശതമാനമേ ധനകാര്യ വര്‍ഷം അവസാനിച്ചപ്പോള്‍ ചെലവായിരുന്നുളളൂ. ഈ വര്‍ഷം ഇത് 45 ശതമാനം എത്തിയാല്‍ മഹാഭാഗ്യം.
കഴിഞ്ഞ വര്‍ഷം ചെലവാക്കാതെ ലാപ്സാക്കിയത് ഏതാണ്ട് പതിനായിരം കോടി രൂപ. നടപ്പുവര്‍ഷത്തില്‍ ചെലവാക്കാതെ പാഴാക്കാന്‍ പോകുന്നത് പതിനാലായിരം കോടി രൂപയാണ്. രണ്ടു വര്‍ഷം കൊണ്ട് 28000 കോടി രൂപയുടെ പ്രഖ്യാപനങ്ങളാണ് നടപ്പാകാതെ പോയത്.
ഇതിലേതു മന്ത്രിയാണ് കേമന്‍? പണം പാഴാക്കുന്നതില്‍ ഒന്നാമതു നില്‍ക്കുന്നത് കെ സി ജോസഫാണ്. പ്ലാനില്‍ അദ്ദേഹത്തിന്‍റെ വകുപ്പിന് അനുവദിച്ച 2181 കോടിയില്‍ ചെലവഴിച്ചത് വെറും 245 കോടി. - 11 ശതമാനം മാത്രം. കഴിഞ്ഞ ധനകാര്യവര്‍ഷത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. അദ്ദേഹം ചെലവഴിച്ചത് 27 ശതമാനം.
കണ്‍സ്യൂമെര്‍ ഫെഡിനും സിവില്‍ സപ്ലൈസിനുമൊന്നും പണം തികയുന്നില്ലെന്ന് ആവലാതിപ്പെടുന്ന മന്ത്രിയുണ്ട്. അനൂപ് ജേക്കബ് - അദ്ദേഹത്തിന് 25 കോടി കിട്ടിയിട്ട് ചെലവഴിച്ചത് 4.7 കോടി മാത്രം. കയറും റവന്യൂവിന്‍റെയും മന്ത്രിയ്ക്ക് 183 കോടി കിട്ടിയിട്ട് ചെലവഴിച്ചത് 47 കോടി മാത്രം - 25 ശതമാനം.
പകുതിപ്പണം പോലും ചെലവഴിക്കാത്ത മന്ത്രിമാരുടെ പട്ടികയില്‍ മുഖ്യമന്ത്രി, കൃഷി മന്ത്രി, വിദ്യാഭ്യാസമന്ത്രി, ഫിഷറീസ് മന്ത്രി, പഞ്ചായത്ത് മന്ത്രി, നഗരവികസന മന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ പെടും.
മേല്‍ പറഞ്ഞ കണക്കുകളെല്ലാം ഡിപ്പാര്‍ട്ടുമെന്‍റുകളുടെ അവകാശവാദമാണ്. അതു പ്രകാരംപോലും പദ്ധതി അടങ്കലിന്‍റെ 45 ശതമാനമേ ചെലവായിട്ടുളളൂ. യഥാര്‍ത്ഥത്തില്‍ ട്രഷറിയില്‍ നിന്ന് പണം പിന്‍വലിച്ചത് 28 ശതമാനം മാത്രമാണ്. അതുകൂടി പരിഗണിച്ചാല്‍ പൊതുമരാമത്തു മന്ത്രിയൊഴികെ മറ്റൊരാളും പദ്ധതി അടങ്കലിന്‍റെ അമ്പതു ശതമാനം ചെലവാക്കിയിട്ടുണ്ടാവില്ല എന്നാണ് എന്‍റെയൊരൂഹം.
മുഖ്യമന്ത്രിയൊക്കെ രാപകലില്ലാതെ അധ്വാനിക്കുന്നവെന്ന് ഒരുവശത്ത് വന്‍പ്രചരണം നടക്കുമ്പോഴാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. പക്ഷേ, പദ്ധതിപ്പണം ചെലവഴിക്കാനല്ല ഈ അധ്വാനം.
സത്യത്തില്‍ എന്താണ് മന്ത്രിമാര്‍ക്കൊക്കെ പണി?

ഡോ. ടി എം തോമസ്‌ ഐസ്സക് മുന്‍ ധനകാര്യ വകുപ്പ് മന്ത്രി

Previous
Next Post »